'ഫിസിയോതെറാപ്പിസ്റ്റുകൾക്ക് ഡോക്ടർ വിശേഷണം', വിലക്കിയ ഉത്തരവ് പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഫിസിയോതെറാപ്പിസ്റ്റുകളെ ഡോക്ടര്‍ എന്ന് വിശേഷിപ്പിക്കുന്നതു വിലക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു. ഫിസിയോതെറാപ്പിസ്റ്റുകളെ ഡോക്ടര്‍ എന്ന് വിശേഷിപ്പിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ ഫിസിയോ തെറാപിസ്റ്റുകളുടെ സംഘടനകള്‍ നിവേദനം നല്‍കിയിരുന്നു. ഫിസിയോതെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് എന്ന് വ്യക്തമാക്കി സെപ്തംബര്‍ 9 നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) ഉത്തരവിറക്കിയത്. ഫിസിയോ തെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കുന്നത് തടയണം എന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നിരന്തര ആവശ്യം പരിഗണിച്ചായിരുന്നു നടപടി. എന്നാല്‍, വിഷയത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണ് വ്യക്തമാക്കി സെപ്തംബര്‍ പത്തിന് പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു. നാഷണല്‍ കമ്മീഷന് ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഫഷന്‍സ് (എന്‍സിഎഎച്ച്പി) ചെയര്‍പേഴ്സണ്‍, എഐഐഎംഎസ് നാഗ്പൂര്‍ സെക്രട്ടറി എപിഎംആര്‍, ഐഎംഎ പ്രസിഡന്റ് എന്നിവര്‍ക്ക് അയച്ച കത്തിലാണ് സെപ്തംബര്‍ 9 ലെ ഉത്തരവ് പിന്‍വലിച്ചതായി ഡിജിഎച്ച്എസ് വ്യക്തമാക്കുന്നത്. ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് പേരിന് ഒപ്പം 'ഡോക്ടര്‍' എന്ന് ഉപയോഗിക്കാന്‍ നാഷണല്‍ കമ്മീഷന് ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് ഏപ്രിലില്‍ അനുമതി നല്‍കിയിരുന്നു. 'ഡോക്ടര്‍' എന്ന തലക്കെട്ട് പേരിന് മുന്‍പും പി.ടി. എന്ന് പേരിന് ഒടുവില്‍ സഫിക്സായും ഉപയോഗിക്കാം എന്നായിരുന്നു നിര്‍ദേശം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള എന്‍സിഎഎച്ച്പി 2025 ലെ ഫിസിയോതെറാപ്പി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം. ഈ തീരുമാനത്തിനെതിരെയാണ് ഐഎംഎ ഉള്‍പ്പെടെ രംഗത്തെത്തിയത്. മരുന്നുകള്‍ കൂടാതെ കായിക ചലനങ്ങളുടെയും, യന്ത്രങ്ങളുടെയും സഹായത്താല്‍ നടത്തുന്ന ചികിത്സ രീതിയാണ് ഫിസിയോതെറാപ്പി. ഇത്തരം ഒരു ചികിത്സാരീതി പിന്തുടരുന്നവര് ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രി ആക്റ്റ് 1916 ലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണായിരുന്നു ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വാദം. രോഗികള്‍ക്കോ പൊതുജനങ്ങള്‍ക്കോ അവ്യക്തത സൃഷ്ടിക്കാതെ, ഫിസിയോതെറാപ്പി ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കുംഅനുയോജ്യവും മാന്യവുമായ പദവി നല്‍കാമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു.